വിഴിഞ്ഞം പുതുതലമുറ വികസനത്തിന്റെ പ്രതീകം; വികസിത കേരളം ഒരുമിച്ച് പടുത്തുയർത്താമെന്ന് മോദി
Friday, May 2, 2025 12:59 PM IST
തിരുവനന്തപുരം: വിഴിഞ്ഞം ആഴക്കടൽ തുറമുഖം പുതുതലമുറ വികസനത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം പദ്ധതി രാജ്യത്തിന്റെ അഭിമാനമാണെന്നും പുരോഗതിയിലേക്കുള്ള ചുവടുവെപ്പാണെന്നും മോദി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി. 8800 കോടി രൂപ ചെലവിട്ടാണു തുറമുഖം നിര്‍മിക്കുന്നത്. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്മെന്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണു നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നത്.
ഇതിന് മാറ്റം വരികയാണ്. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകമാകും. ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളിൽ ഒരു പ്രധാന പുരോഗതിയാണ് വിഴിഞ്ഞം. ട്രാന്‍സ്ഷിപ്പ് ഹബ് നിലവിലുള്ള ക്ഷമതയില്‍നിന്നു വരുംകാലത്ത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കും.
അതിലൂടെ ലോകത്തിലെ വലിയ വലിയ ചരക്കുകപ്പലുകള്‍ക്ക് വളരെ വേഗത്തില്‍ വിഴിഞ്ഞത്ത് എത്തിച്ചേരാൻ കഴിയും. ഇത് സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് പ്രയോജനപ്പെടും. കേരളം രാജ്യപുരോഗതിക്ക് വലിയ പങ്കുവഹിച്ചു.
സാമ്പത്തിക പുരോഗതിക്ക് തുറമുഖം ആവശ്യമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം അദാനി അതിവേഗം പൂര്‍ത്തിയാക്കിയെന്നും മോദി കൂട്ടിച്ചേർത്തു.
30 വര്‍ഷമായി ഗുജറാത്തില്‍ അദാനിയുടെ തുറമുഖം പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇത്രയും വലിയ തുറമുഖം നിര്‍മിച്ചത് കേരളത്തിലാണ്. ഇക്കാര്യത്തില്‍ ഗുജറാത്തിലെ ജനങ്ങളുടെ പരാതി അദാനി കേള്‍ക്കേണ്ടിവരുമെന്നും തമാശരൂപേണ മോദി പറഞ്ഞു. വികസിത കേരളം ഒരുമിച്ച് പടുത്തുയർത്താമെന്നും മോദി കൂട്ടിച്ചേർത്തു.