ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം; യുവാവിനെ തല്ലിക്കൊന്നു
Tuesday, April 29, 2025 5:47 PM IST
മംഗളൂരു: ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മംഗളൂരു കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ചയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കളിക്കിടെ യുവാവ് പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു.
തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ 19 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും 15 പേർ അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു.