മുഖ്യമന്ത്രിയുടെ യോഗത്തിൽ കൊച്ചുമകൻ; വിമർശിച്ച് ജേക്കബ് തോമസ്
Tuesday, April 29, 2025 5:24 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതിൽ വിമർശനവുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്.
വിസില്‍ ചെയര്‍മാനും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ ഏതാണ് ഈ യുവ അധികാരി എന്ന ചോദ്യവുമായാണ് ജേക്കബ് തോമസ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താനാണു മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചത്.
ഉന്നത അധികാരികള്‍ ഓപ്പറേഷന് റൂമില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ കുടുംബം ഒപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്രത്തോളം ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കും കൊച്ചുമകനും എങ്ങനെ അനുമതി നല്കി എന്ന ചോദ്യവും ഉയരുന്നുണ്ട്.