പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: മേയ് ആറിന് വിധി പറയും
Tuesday, April 29, 2025 2:36 PM IST
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് മേയ് ആറിലേക്ക് മാറ്റി. വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതി ആറിന്റേതാണ് നടപടി.
പൂവച്ചൽ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ പ്രിയരഞ്ജൻ ആണ് കേസിലെ പ്രതി. 2023 ഓഗസ്റ്റ് 30നായിരുന്നു ക്രൂര കൊലപാതകം. പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നാലെ കാറിൽ എത്തിയ പ്രതി ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് നിർണായക തെളിവായി ഹാജരാക്കിയത്. ആദിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എസ്യുവി ഇലക്ട്രിക് കാറും ആദിയുടെ സൈക്കിളും സാക്ഷികൾ തിരിച്ചറിഞ്ഞു.
ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കുട്ടിയുടെ പിതാവ് അരുൺകുമാർ പറഞ്ഞു.