പോത്തൻകോട് സുധീഷ് കൊലക്കേസ്: 11 പ്രതികളും കുറ്റക്കാർ, ശിക്ഷ ബുധനാഴ്ച
Tuesday, April 29, 2025 12:49 PM IST
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികൾക്ക് നെടുമങ്ങാട് പട്ടികജാതി - പട്ടികവർഗ പ്രത്യേക കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും.
സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നിവരാണ് കേസിൽ പ്രതികൾ. ഇവർ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു.
2021 ഡിസംബർ 11നാണ് നടുക്കുന്ന കൊലപാതകം നടന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയായിരുന്നു കൊലപാതക കാരണം. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തൻകോട് കല്ലൂരുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് എതിർസംഘം വീടുവളഞ്ഞത്.
ഗുണ്ടാ സംഘം സുധീഷിനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തി. തുടർന്ന് കാലു വെട്ടിയെടുത്തു പൊതുവഴിയില്‍ വലിച്ചെറിഞ്ഞ് കൊലപാതകം ആഘോഷിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ തിരിഞ്ഞതോടെയാണ് എല്ലാ പ്രതികളിലേക്കും എത്താൻ കഴിഞ്ഞത്.