വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ചടങ്ങിന് പ്രതിപക്ഷ നേതാവിന് ക്ഷണമില്ല
Tuesday, April 29, 2025 10:09 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ക്ഷണമില്ല. പരിപാടി സർക്കാരിന്റ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമാണെന്നാണ് സർക്കാരിന്റെ വാദം.
വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ ചടങ്ങിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ സ്ഥലം എംപിയായ ശശി തരൂരിനും, എംഎൽഎയായ എം.വിൻസന്റിനും ക്ഷണമുണ്ട്. ഇരുവരും പങ്കെടുക്കുമെന്നാണ് വിവരം.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്. വിഴിഞ്ഞത്ത് ആദ്യം കപ്പലെത്തിയപ്പോൾ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയൽ റൺ ഉദ്ഘാടനത്തിൽ നിന്നും സതീശനെ ഒഴിവാക്കിയത് ചർച്ചയായിരുന്നു.
അതേസമയം കമ്മീഷനിംഗിന് മുന്നോടിയായി മുഖ്യമന്ത്രി തുറമുഖത്തു നേരിട്ട് എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. കുടുംബസമേതം ആണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖവകുപ്പ് മന്ത്രി വി.എൻ.വാസവന്, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ്.അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.