മകളുടെ യുപിഎസ്സി പരീക്ഷ വിജയാഘോഷത്തിനിടെ ഹൃദയാഘാതം; പിതാവ് മരിച്ചു
Tuesday, April 29, 2025 12:38 AM IST
മുംബൈ: മഹാരാഷ്ട്രയിൽ മകളുടെ യുപിഎസ്സി (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ) പരീക്ഷ വിജയാഘോഷത്തിനിടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുസാദ് പഞ്ചായത്ത് സമിതിയുടെ വിരമിച്ച എക്സ്റ്റൻഷൻ ഓഫീസറായ പ്രഹ്ലാദ് ഖണ്ഡാരെ ആണ് മരിച്ചത്.
ഖണ്ഡാരെയുടെ മകൾ മോഹിനി യുപിഎസ്സി പരീക്ഷയിൽ മികച്ച റാങ്ക് നേടിയിരുന്നു. മോഹിനിയുടെ വിജയം ആഘോഷിക്കാൻ പ്രഹ്ലാദ് ഖണ്ഡാരെ ബന്ധുക്കളെയും അയൽവാസികളെയും ക്ഷണിച്ചിരുന്നു.
ആഘോഷചടങ്ങുകൾ നടക്കുന്നതിനിടെ പ്രഹ്ലാദ് ഖണ്ഡാരെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.