"സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുത്': സവർക്കർ വിഷയത്തിൽ രാഹുലിനെ വിമർശിച്ച് സുപ്രീംകോടതി
Friday, April 25, 2025 1:56 PM IST
ന്യൂഡല്‍ഹി: വീര്‍സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് നിരുത്തരവാദ പ്രസ്താവന നടത്തരുതെന്നും സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്കി.
അതേസമയം, സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരായ യുപി കോടതി വാറണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്തു.
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ നിരുത്തരവാദ പ്രസ്താവനകള്‍ നടത്തുന്നത് അനുവദിക്കാനാകില്ല. അവര്‍ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നവരാണ്. സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം നിരുത്തരവാദപരമാണ്. നിങ്ങള്‍ എന്തിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ജസ്റ്റീസ് ദീപാങ്കര്‍ ദത്ത, ജസ്റ്റീസ് മന്മോഹന് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
വീര്‍സവര്‍ക്കറെ പ്രശംസിച്ച് മുത്തശ്ശി ഇന്ദിരാ ഗാന്ധി കത്തയച്ചത് രാഹുലിന് അറിയുമോയെന്നും കോടതി ചോദിച്ചു. ഗാന്ധിജിയും വൈസ്രോയിയോട് 'താങ്കളുടെ വിനീത ദാസൻ' എന്നു സ്വയം വിശേഷിപ്പിച്ചിരുന്നുവെന്നും നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ ദാസൻ എന്നു വിളിക്കുമെന്ന് കോടതി പറഞ്ഞു.
സവർക്കറെ ആരാധിക്കുന്ന മഹാരാഷ്ട്രയിലെ അകോളയിൽ പോയി എന്തിനായിരുന്നു ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും കോടതി രാഹുലിനോട് ചോദിച്ചു.