ഐപിഎൽ; ആർസിബിക്ക് ബംഗളൂരുവിൽ സീസണിലെ ആദ്യ ജയം
Thursday, April 24, 2025 11:33 PM IST
ബംഗളൂരു: രാജസ്ഥാൻ റോയൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. 11 റൺസിന്റെ ജയമാണ് ആർസിബി സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ബംഗളൂരു ഉയർത്തിയ 205 റൺസ് മറികടക്കാൻ രാജസ്ഥാന് ആയില്ല. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസിൽ രാജസ്ഥാന്റെ ബാറ്റിംഗ് അവസാനിച്ചു.
യശസ്വി ജയ്സ്വാളിന്റെയും (49) ദ്രുവ് ജുറലിന്റെയും (47) നിതീഷ് റാണയുടെയും (28) സ്കോറാണ് രാജസ്ഥാനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. 19 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.
34 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും അടക്കം 47 റൺസ് എടുത്ത് ദ്രുവ് ജുറലും 22 പന്തിൽ 28 റൺസ് എടുത്ത് നിതീഷ് റാണയും തിളങ്ങി.
ബംഗളൂരുവിനായി ജോഷ് ഹസൽവുഡ് നാല് വിക്കറ്റുകൾ പിഴുതു. ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി. യഷ് ദയാൽ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് അടിച്ചെടുത്തു. വിരാട് കോഹ്ലി (70), ദേവ്ദത്ത് പടിക്കൽ (50) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഹോം ഗ്രൗണ്ടിൽ ആർസിബിക്ക് തുണയായത്. ടൂർണമെന്റിലെ അഞ്ചാം അർധ സെഞ്ചുറിയാണ് കിംഗ് കോഹ്ലി ഇന്ന് കുറിച്ചത്. 42 പന്തുകൾ നേരിട്ട കോഹ്ലി എട്ട് ഫോറും രണ്ട് സിക്സും നേടി. പടിക്കൽ 27 പന്തിൽ അർധ ശതകം പൂർത്തിയാക്കി.
സാവധാനം തുടങ്ങിയ അർസിബിക്ക് കോഹ്ലി-ഫിൽ സാൾട്ട് സഖ്യം ഓപ്പണിംഗ് വിക്കറ്റിൽ 61 റൺസ് സമ്മാനിച്ചു. 26 റൺസുമായി സാൾട്ട് മടങ്ങിയപ്പോൾ ഒത്തുചേർന്ന കോഹ്ലി-പടിക്കൽ സഖ്യം രണ്ടാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തതാണ് ആർസിബിക്ക് മികച്ച സ്കോർ നേടാൻ അടിത്തറയായത്.
അവസാന ഓവറുകളിൽ സ്കോറിംഗ് വേഗത്തിലാക്കിയ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ (10 പന്തിൽ 20), ടിം ഡേവിഡ് (15 പന്തിൽ 23) എന്നിവരാണ് ടീം സ്കോർ 200 കടത്തിയത്. റോയൽസിനായി സന്ദീപ് ശർമ രണ്ടും ജോഫ്ര ആർച്ചർ, വാനിന്ദു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്നത്തെ ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി.