ബൈസരൻ താഴ്വര തുറന്നത് സുരക്ഷാസേനയുടെ അറിവോടെയല്ല; വീഴ്ച പരിശോധിക്കണമെന്ന് പ്രതിപക്ഷം
Thursday, April 24, 2025 11:24 PM IST
ന്യൂഡൽഹി: ഏപ്രിൽ 20ന് മുൻപ് ബൈസരൻ താഴ്വര തുറന്നത് സുരക്ഷാസേനയുടെ അറിവോടെ അല്ല എന്ന് കേന്ദ്രം പറഞ്ഞെന്ന് ഹാരിസ് ബീരാൻ എംപി. ഡൽഹിയിലെ സർവകക്ഷി യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തുടർനടപടികൾ സംബന്ധിച്ച് യോഗത്തിൽ കൃത്യമായ മറുപടി നൽകിയില്ല. ഇതുവരെ സ്വീകരിച്ച നടപടികളാണ് പ്രതിരോധമന്ത്രി യോഗത്തിൽ വിശദീകരിച്ചത്. ജൂണിലാണ് സാധാരണ ഈ സ്ഥലം തുറന്നു നൽകിയിരുന്നത് എന്നും ഹാരിസ് ബീരാൻ എംപി ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രി കാഷ്മീരിലെത്തിയിട്ടും ഇത്തരം ഒരു ഭീകരാക്രമണ ടീം സജ്ജമാണെന്ന് മനസിലാക്കാൻ സാധിച്ചില്ല. ഇത് പ്രതിരോധ വീഴ്ചയാണോ സുരക്ഷാ വീഴ്ചയാണോ എന്ന് പരിശോധിക്കണമെന്ന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടെന്നും ഹാരിസ് ബീരാൻ എംപി പറഞ്ഞു.