അനധികൃത സ്വത്ത് സമ്പാദനം; ദുരൈമുരുകൻ വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി
Thursday, April 24, 2025 6:29 PM IST
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മന്ത്രി ദുരൈമുരുകനേയും ഭാര്യയേയും വെറുതെവിട്ട വെല്ലൂർ കോടതിവിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മന്ത്രി വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ദുരൈമുരുകൻ നേരിട്ടിരുന്നത്. 3.92 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ബുധനാഴ്ചയാണ് മന്ത്രി ദുരൈമുരുകനെതിരെ കോടതി ഉത്തരവ് ഉണ്ടായത്.
1996 നും 2001 നും ഇടയിൽ കരുണാനിധി മന്ത്രി സഭയിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ദുരൈമുരുകനേയും കുടുംബാംഗങ്ങളെയും വെറുതേവിട്ടിരുന്നു. ഈ വിധിയാണ് ബുധനാഴ്ച ഹൈക്കോടതി റദ്ദാക്കിയത്.
2007 നും 2009 നും ഇടയിൽ 1.40 കോടിയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് രണ്ടാമത്തെ കേസ്. കേസിൽ വെല്ലൂർ കോടതി മന്ത്രിയേയും ഭാര്യയേയും വെറുതേ വിട്ടിരുന്നു. എന്നാൽ 2013 ൽ വിജിലൻസ് ഈ കേസിൽ അപ്പീൽ നൽകുകയായിരുന്നു.