ഷൈൻ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഹാജരാകുമെന്ന് പിതാവ്
Friday, April 18, 2025 7:23 PM IST
തൃശൂർ: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ശനിയാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി പോലീസ്. ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ നേരിട്ട് തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്.
അതേസമയം മകൻ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ഷൈന്റെ പിതാവ് ചാക്കോ നോട്ടീസ് കൈപ്പറ്റിയ ശേഷം മറുപടി നൽകിയത്.
"അവൻ അവിടെ വന്നു, അവിടെ നിന്ന് പോയി, അതല്ലേ ഉള്ളൂ. ഇത് വെറും ഓലപ്പാമ്പല്ലേ. അത് കഴിഞ്ഞ് കേസാകുമ്പോൾ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്തെങ്കിലല്ലേ കേസാകൂ. വേട്ടയാടലാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല,' - എന്നും ഷൈന്റെ പിതാവ് പ്രതികരിച്ചു.
ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങിയെന്നറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പോലീസ് നോട്ടീസ് നല്കി വിളിപ്പിക്കുന്നത്. ഹാജരാകാന്‍ കൂടുതല്‍ സമയം നല്കിയാൽ അത് വിമർശിക്കപ്പെടും എന്നതിനാലാണ് ശനിയാഴ്ച തന്നെ ഹാജരാകാൻ ആവശ്യപ്പെട്ടത്.