വയനാട് ടൗൺഷിപ്പ് നിർമാണ തടയണം; എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീംകോടതിയിൽ
Friday, April 18, 2025 3:55 PM IST
ന്യൂഡൽഹി: വയനാട് മുണ്ടക്കൈ-ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനു ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. എസ്റ്റേറ്റ് ഉടമകൾ തന്നെയാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.
എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും മതിയായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം മുഴുവൻ നൽകുന്നത് വരെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നാണ് ഹർജിക്കാരുടെ വാദം.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു.
ഭൂമി ഏറ്റെടുക്കുമ്പോൾ 549 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. ഇത് പരിഹരിക്കാൻ ആവശ്യമായ തുക നൽകാൻ സർക്കാർ തയാറായിട്ടില്ല.
എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജി സമർപ്പിക്കുന്നതിന് മുൻപ് തന്നെ സർക്കാർ വിഷയത്തിൽ തടസ ഹർജിയും ഫയൽ ചെയ്തിരുന്നു. വിഷയത്തിൽ തങ്ങളുടെ വാദം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതി നിർദ്ദേശിച്ച 17 കോടി രൂപ ഉൾപ്പടെ 42 കോടി കെട്ടിവയ്ക്കാമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇതോടെ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. വിഷയത്തിൽ എസ്റ്റേറ്റ് ഉടമകളുടെ വാദം ഹൈക്കോടതി ജൂലൈ ആദ്യവാരം വിശദമായി കേൾക്കുന്നുണ്ട്.
ഇതിനിടെയാണ് എസ്റ്റേറ്റ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ ഭൂമിയേറ്റെടുക്കൽ നടപടികൾ നീളുമെന്ന് ഉറപ്പായി.