എം.ആര്. അജിത്കുമാറിന് എതിരായ ഹര്‍ജിയിൽ കൂടുതല്‍ സമയം തേടി വിജിലന്‍സ്
Tuesday, March 25, 2025 1:52 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ സമയം തേടി വിജിലൻസ്.
അന്വേഷണം പൂർത്തിയായിട്ടില്ലെന്നും 45 ദിവസത്തെ സാവകാശം കൂടി വേണമെന്ന് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു. ആവശ്യം അംഗീകരിച്ച കോടതി മേയ് ആറിന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന് ആണ് ഹര്ജിക്കാരന്.
അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ കഴിഞ്ഞദിവസം സർക്കാരിന് കൈമാറിയിരുന്നു. ഇതിൽ സർക്കാർ തീരുമാനമെടുത്ത ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്. അഴിമതി നടന്നിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു.