കെ.സി. വേണുഗോപാലിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
Tuesday, March 25, 2025 12:07 PM IST
ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിന്റെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫേസ്ബുക്കില്‍ കെ.സി. വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പിന് ശ്രമം.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എംപിയുടെ ഓഫീസ് പോലീസിന് പരാതി നല്കി. നിരവധി ആളുകള്‍ക്കാണ് എംപിയുടെ പേരില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് സന്ദേശമെത്തിയതായി സംശയിക്കുന്നു.
ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് വേണുഗോപാൽ എംപിയുടെ സെക്രട്ടറി കെ. ശരത് ചന്ദ്രന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കിയത്.