ജാര്‍ഖണ്ഡില്‍ വനപാലകരെ ഗ്രാമീണര്‍ ആക്രമിച്ചു
Monday, March 24, 2025 7:53 AM IST
പലാമു: ജാര്‍ഖണ്ഡിലെ പലാമുവില്‍ ഗ്രാമീണരുടെ ആക്രമണത്തില്‍ അഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഛത്തര്പൂര് പോലീസ് സ്റ്റേഷന് പരിധിയിലെ ബന്സ്ദിഹ വനത്തിലാണു സംഭവം.
വനത്തില്‍ അനധികൃതമായി കല്ലുകള്‍ ഖനനം ചെയ്ത് സൂക്ഷിക്കുന്നുണ്ടെന്നു വനംവകുപ്പിനു വിവരം ലഭിച്ചതായി എസ്ഡിപിഒ അവധ് യാദവ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ വനപാലകരുടെ സംഘത്തിനുനേരേ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഗ്രാമീണര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
പാറക്കല്ലുകള്‍ കയറ്റിയ രണ്ടു ട്രാക്ടറുകള്‍ പരിശോധനയില്‍ കണ്ടെത്തിയതായി ഇവർ പറഞ്ഞു. പരിക്കേറ്റവരെ മെദിനിറായ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.