ബിജു ജോസഫിന്റെ കൊലപാതകം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Sunday, March 23, 2025 6:10 AM IST
തൊടുപുഴ: സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തത്തുടർന്ന് ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റ്മോർട്ടം നടപടികളും ഇന്ന് ആരംഭിക്കും.
കേസിലെ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നാല് പ്രതികളാണ് കേസിലുള്ളത്.
ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവും ജോമോനും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബിജുവിനെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബിജുവിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച വാൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികൾ കടത്തികൊണ്ടു പോയിട്ടുണ്ട്. ഇവ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.