സൂരജ് വധക്കേസ്: കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് എം.വി.ജയരാജൻ
Saturday, March 22, 2025 5:17 PM IST
കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർ നിരപരാധികളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കുമെന്നും കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം.വി.ജയരാജൻ വ്യക്തമാക്കി.
കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ കൊന്ന കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തൽ. ഒരാളെ വെറുതെ വിട്ടു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ടിപി വധക്കേസിലെ പ്രതി ടി.കെ.രജീഷും മുഖ്യമന്ത്രിയുടെ സെക്രട്ടറി പി.എം.മനോജിന്റെ സഹോദരൻ പിഎം മനോരാജും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി നേരത്തെ മരിച്ചിരുന്നു.
ടിപി കൊലക്കേസിലെ പ്രധാന പ്രതി ടി കെ രജീഷ് കൂത്തുപറമ്പ് സ്വദേശി പി എം മനോരാജ് എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. സിപിഎം പ്രവർത്തകനും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരനുമാണ് നാരായണൻ എന്ന് വിളിക്കുന്ന മനോരാജ്. ഏഴ് മുതൽ ഒൻപത് വരെ പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് തെളിഞ്ഞത്.
2005 ഓഗസ്റ്റ് മാസത്തിലാണ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന സൂരജിനെ മുഴപ്പിലങ്ങാട് വെച്ച് സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയത്. കേസിൽ ആദ്യം 10 പേരെ മാത്രമാണ് പ്രതി ചേർത്തിരുന്നത്. പിന്നീട് ടി.പി കേസിൽ ടി.കെ രജീഷ് അറസ്റ്റിൽ ആയപ്പോഴാണ് ചോദ്യം ചെയ്യുന്നതിനിടെ താൻ സൂരജ് കൊലപാതകത്തിൽ പങ്കാളിയായെന്ന് ഇയാൾ വെളിപ്പെടുത്തിയത്. ഇതോടെ ടി.കെ രജീഷിനെയും കേസിൽ പ്രതി ചേർക്കുകയായിരുന്നു.