വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം; ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്
Saturday, March 22, 2025 10:33 AM IST
കൊച്ചി: എറണാകുളം എ.ആർ ക്യാമ്പിൽ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. വെടിയുണ്ട സൂക്ഷിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ.
റിപ്പോർട്ട് എഎർ ക്യാമ്പ് അസി. കമ്മീഷണർ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയതായി എആർ ക്യാമ്പ് കമാൻഡന്റ് അറിയിച്ചു. ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
കഴിഞ്ഞ മാർച്ച് പത്തിന് എറണാകുളം എആർ ക്യാമ്പിന്റെ അടുക്കളയിലാണ് സംഭവം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്ന വേളയിൽ ആകാശത്തേക്ക് വെടിയുതിർക്കാനുള്ള ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ക്യാമ്പിനുള്ളിൽ നടന്ന സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു.
ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്കാര ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വെയിലത്തുവച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയിൽ ഇവ ഉപയോഗിക്കാറുള്ളത്. എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം.