ഭീകരാക്രമണങ്ങളുടെ വേര് നീളുന്നത് പാക്കിസ്ഥാനിലേക്ക്; കലാപ കേന്ദ്രമായി പാക്കിസ്ഥാൻ മാറുന്നത് ലോകത്തിന് ഭീഷണി: പ്രധാനമന്ത്രി
Sunday, March 16, 2025 10:43 PM IST
ന്യൂഡൽഹി: ലോകത്ത് എവിടെ ഭീകരാക്രമണമുണ്ടായാലും അതിന്റെ വേര് നീളുന്നത് പാക്കിസ്ഥാനിലേക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുമായി സഹകരിച്ചുപോകാൻ പാക്കിസ്ഥാൻ തയാറാകുന്നില്ലെന്നും മോദി പറഞ്ഞു.
പാക്കിസ്ഥാനിൽ ഭീകരവാദം ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നു. കലാപത്തിന്റെ കേന്ദ്രമായി പാക്കിസ്ഥാൻ മാറുന്നത് ലോകത്തിന് മുഴുവൻ ഭീഷണിയാണ്. സെപ്റ്റംബർ 11 ഭീകരാക്രമണം അടക്കം പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ വിമർശനം.
ഭരണകൂട പിന്തുണയുള്ള ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമം ശത്രുതയിലൂടെയും ചതിയിലൂടെയും തടഞ്ഞുവെന്നും മോദി പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസാമാന്യ ധീരനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ ആദ്യം എന്ന തന്റെ മുദ്രാവാക്യം പോലെയാണ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയം. പരസ്പര വിശ്വാസവും സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ട്. ഹൗഡി മോദി പരിപാടി മുതൽ തനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രചാരണത്തിനിടെ വെടിയേറ്റപ്പോഴും നിശ്ചയദാർഢ്യം ട്രംപിൽ കണ്ടു.
പരസ്പരം കാണാതിരുന്ന കാലത്തും ബന്ധം ശക്തമായിരുന്നു. പ്രസിഡന്റ് പദവിയിൽ അല്ലാതിരുന്ന കാലത്തും മോദി നല്ല സുഹൃത്തെന്നാണ് ട്രംപ് പറഞ്ഞത്. ആദ്യ ഭരണകാലത്തെ ട്രംപിനെയല്ല രണ്ടാം ടേമിൽ കാണുന്നത്. അദ്ദേഹത്തിനിപ്പോൾ കൃത്യമായ പദ്ധതികളുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.