ഹോളി ആഘോഷത്തിനിടെ ഉറക്കെ പാട്ട് വച്ചു; എതിർത്ത വയോധികനെ അയൽവാസികൾ മർദിച്ചു കൊന്നു
Sunday, March 16, 2025 12:06 AM IST
ഭോപ്പാൽ: ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഉച്ചത്തിൽ സംഗീതം വയ്ക്കുന്നതിനെ എതിർത്ത വയോധികൻ മർദനമേറ്റ് മരിച്ചു.
വെള്ളിയാഴ്ച രാത്രിയിൽ മധ്യപ്രദേശിലെ മൈഹാർ ജില്ലയിലെ രാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മൻകിസർ ഗ്രാമത്തിൽ സംഭവം നടന്നത്.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ദീപു കെവാട്ട് എന്നയാൾ ഉച്ചത്തിൽ സംഗീതം വച്ചു. ഇയാളുടെ അയൽവാസിയായ ശങ്കർ കേവാട്ട് എന്നയാൾ തന്റെ മക്കൾ പഠിക്കുകയാണെന്നും പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്നും ദീപു കെവാട്ടിനോട് അഭ്യർഥിച്ചു.
ഇതിൽ കുപിതരായ ദീപുവും ബന്ധുക്കളും ശങ്കറിനെ മർദിച്ചു. തടസം പിടിക്കാനെത്തിയ ശങ്കറിന്റെ പിതാവ് മുന്ന കേവാട്ടി(64)നെയും സംഘം മർദിച്ചു. തൊട്ടുപിന്നാലെ കുഴഞ്ഞുവീണ മുന്നയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
സംഭവത്തിൽ ദീപുവിനും അഞ്ച് ബന്ധുക്കൾക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവർ ഒളിവിലാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.