രോഗനിർണയത്തിനെത്തിച്ച ശരീര ഭാഗങ്ങൾ കാണാതായ സംഭവം; മെഡിക്കൽ കോളജ് ജീവനക്കാരന് സസ്പെൻഷൻ
Saturday, March 15, 2025 11:39 PM IST
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ കാണാതായ സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ സസ്പെൻഡുചെയ്തു. ഹൗസ് കീപ്പിംഗ് ജീവനക്കാരൻ അജയ്കുമാറിനെയാണ് സസ്പെൻഡു ചെയ്തിരിക്കുന്നത്.
അന്വേഷണ വിധേയമായാണ് ഇയാളെ സസ്പെൻഡുചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങളാണ് കാണാതായത്. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി ലാബിൽ പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് കാണാതായത്.
പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവച്ചത്. ഇതാണ് ആക്രിക്കാരൻ എടുത്തുകൊണ്ടുപോയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആക്രി വിൽപ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.