ആശ സമരം പൊളിക്കാൻ സർക്കാർ; സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശമാർക്ക് പരിശീലന പരിപാടി
Saturday, March 15, 2025 8:15 PM IST
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. ആശമാർ സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം വിവിധ ജില്ലകളിൽ ആരോഗ്യവകുപ്പ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാനാണ് നീക്കം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി തീരുമാനിച്ചിരിക്കുന്നത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ആശാപ്രവർത്തകരുടെ സമരം 34-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു.
സമരം നടത്തുന്നവരെ പിരിച്ചുവിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. 232 രൂപ പ്രതിദിനം ലഭിക്കുന്നത് കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഉദ്യോഗസ്ഥ തലത്തിൽ പോലും സർക്കാർ കാര്യങ്ങൾ മനസിലാക്കാതെ തങ്ങളുടെ സമരത്തെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് ആശപ്രവർത്തകർ വ്യക്തമാക്കി.