പ്രധാനമന്ത്രി അടുത്തമാസം ശ്രീലങ്കയിലേക്ക്
Saturday, March 15, 2025 5:18 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ശ്രീലങ്ക സന്ദർശിക്കും. സഹകരണ കരാറുകളിൽ അന്തിമരൂപം നൽകാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
കഴിഞ്ഞ വർഷം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഡൽഹി സന്ദർശന വേളയിൽ ഉണ്ടാക്കിയ കരാറുകൾ അന്തിമമാക്കാനാണ് മോദി എത്തുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പറഞ്ഞു. പാർലമെന്റിലാണ് ഹെറാത്ത് ഇക്കാര്യം അറിയിച്ചത്.
നമ്മുടെ അയൽക്കാരനായ ഇന്ത്യയുമായി തങ്ങൾ അടുത്ത ബന്ധം പുലർത്തുന്നു. തങ്ങളുടെ ആദ്യ നയതന്ത്ര സന്ദർശനം ഇന്ത്യയിലേക്കായിരുന്നു, അവിടെ ഞങ്ങൾ ഉഭയകക്ഷി സഹകരണം സംബന്ധിച്ച് നിരവധി കരാറുകളിൽ എത്തിയെന്നും ഹെറാത്ത് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ ആദ്യം ഇവിടെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദർശന വേളയിൽ സാംപൂർ സോളാർ പവർ സ്റ്റേഷൻ തുറക്കുന്നതിനു പുറമേ നിരവധി പുതിയ ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുമെന്നും ഹെറാത്ത് പറഞ്ഞു.