കൊല്ലത്ത് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വിപ്ലവഗാനം: ദേവസ്വം വിജിലൻസ് അന്വേഷിക്കും
Saturday, March 15, 2025 1:59 PM IST
തിരുവനന്തപുരം: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവഗാനം ആലപിച്ചത് അംഗീകരിക്കാൻ കഴിയാത്തതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഇക്കാര്യത്തിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും. വിജിലൻസ് എസ്പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ആർക്കെതിരായാലും നടപടിയുണ്ടാകും.
ദേവസ്വത്തിന് രാഷ്ട്രീയമില്ല. കോടതിയിലും സർക്കാർ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.ആരു തെറ്റ് ചെയ്താലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 19ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം അജണ്ട വച്ച് ചർച്ച ചെയ്യുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായുള്ള സംഗീത പരിപാടിയിലാണ് വിപ്ലവഗാനങ്ങൾ ആലപിച്ചത്. പ്രചാരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്റെ ചിഹ്നവും ഉണ്ടായിരുന്നു. ക്ഷേത്രങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദേശം അടക്കം നിലനിൽക്കുമ്പോഴാണ് ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ വിപ്ലവഗാനാലാപനം ആലപിച്ചത്.