കളമശേരി കഞ്ചാവ് വേട്ട; രണ്ടു പൂര്‍വവിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Saturday, March 15, 2025 12:13 PM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളജിലെ മെന്‍സ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂര്‍വ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആലുവ സ്വദേശികളായ ആഷിക്കിനെയും ഇയാളുടെ സുഹൃത്ത് ഷാലിഖിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കളമശേരി പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
ഇവര്‍ ലഹരി വിതരണക്കാരാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിരുന്നോ, എവിടെനിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളാണ് പോലീസ് ചോദിച്ചറിയുന്നത്. വെള്ളിയാഴ്ച പിടിയിലായ മൂന്നു വിദ്യാര്‍ഥികളുടെ മൊഴിയില്‍നിന്നാണ് പൂര്‍വ വിദ്യാര്‍ഥികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ക്യാമ്പസില്‍നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. കോളജിലെ സെം ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിഖ്. ഇയാള്‍ നിരന്തരം കോളജ് ഹോസ്റ്റലില്‍ എത്താറുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ആഷിഖിനെ ആലുവ ഇടയപ്പുറത്തുനിന്നും ഷാലിഖിനെ ആലുവ ദേശത്തുനിന്നുമാണ് ഇന്ന് പുലര്‍ച്ചെ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് നാർക്കോട്ടിക് സെൽ എസിപി കെ.എ. അബ്ദുൾ സലാം പറഞ്ഞു.
കളമശേരി ഗവ. പോളിടെക്നികിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍) നിന്നും ഉപയോഗത്തിനും വിപണനത്തിനുമായി എത്തിച്ച രണ്ട് കിലോ കഞ്ചാവ് വെള്ളിയാഴ്ച ഡാന്‍സാഫ് സംഘവും കളമശേരി പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. സംഭവത്തില്‍ രണ്ടു കേസുകളിലായി മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായി.
കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളായ കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം. ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്(20), കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി കരുനാഗപ്പിള്ളി തടിയൂര്‍ നോര്‍ത്ത് സ്വദേശി ആര്. അഭിരാജ്(21) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ആകാശിന്റെ മുറിയില്‍നിന്ന് 1.909 കിലോഗ്രാമും കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ അഭിരാജിന്റെയും ആദിത്യന്റെയും മുറിയില്‍നിന്ന് 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
കഞ്ചാവിന്റെ അളവ് ഒരു കിലോഗ്രാമതില്‍ താഴെ ആയതിനാല്‍ അഭിരാജിനെയും ആദിത്യനെയും സ്റ്റേഷന് ജാമ്യത്തില്‍വിട്ടിരുന്നു. മൂന്നുപേരെയും കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.