ഹോളി ആഘോഷത്തിനിടെ കൂട്ടത്തല്ല്; അഞ്ചു പേര്‍ക്ക് പരിക്ക്
Saturday, March 15, 2025 2:46 AM IST
കോഴിക്കോട്: ലോഡ്ജില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്.
ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഹോളി ആഘോഷം കൊഴുപ്പിക്കാന്‍ മദ്യപിച്ച ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര പോലീസ് കേസെടുത്തു.