ബാബര്‍ അസമിനെ പിന്തള്ളി; ഏകദിനത്തിൽ ശുഭ്മാന്‍ ഗില്‍ നമ്പര്‍ വണ്‍
Wednesday, February 19, 2025 3:56 PM IST
ദുബായി: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. പാക് താരം ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്ലിന്റെ മുന്നേറ്റം. താരത്തിന് 796 പോയിന്റുകളും ബാബറിന് 776 പോയിന്റുകളുമാണുള്ളത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ഗില്ലിനെ ഒന്നാമത് എത്തിച്ചത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 86.33 ശരാശരിയില്‍ 259 റണ്‍സാണ് ഗിൽ അടിച്ചെടുത്തത്. രണ്ടാം തവണയാണ് താരം ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.
അതേസമയം ത്രിരാഷ്ട്ര പരമ്പരയിലെ മോശം ഫോമാണ് ബാബർ അസമിന് തിരിച്ചടിയായത്. പരമ്പരയിലെ മൂന്ന് കളികളിലും ഓപ്പണറായി ഇറങ്ങിയ ബാബറിന് 20.67 ശരാശരിയില്‍ 62 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളു.
2021ലാണ് വിരാട് കോഹ്ലിയെ പിന്തള്ളി ബാബര്‍ അസം ആദ്യമായി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. പിന്നീട് ഒന്നാം സ്ഥാനം നഷ്ടമായ ബാബര്‍ 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു.
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ഗില്‍. സച്ചിന് തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, എം.എസ്. ധോണി എന്നിവരാണ് ഗില്ലിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
അതേസമയം, ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ ആകെ നാല് ഇന്ത്യക്കാരാണ് ഇടംപിടിച്ചത്. ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ മൂന്നാമതും വിരാട് കോഹ്ലി ആറാമതും ശ്രേയസ് അയ്യര്‍ പട്ടികയില്‍ ഒന്‍പതാമതുമെത്തി.
ദക്ഷിണാഫ്രിക്കൻ താരം ഹെന്റിച്ച് ക്ലാസന് പട്ടികയില്‍ നാലാമതും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ അഞ്ചാമതുമാണ്. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കന്‍ നായകൻ ചരിത് അസലങ്കയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം.
അതേസമയം, ബൗളർമാരുടെ പട്ടികയിൽ ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷ്ണ ഒന്നാം റാങ്കിലെത്തി. അഫ്ഗാൻ സൂപ്പർതാരം റാഷിദ് ഖാനെയാണ് 680 റേറ്റിംഗ് പോയിന്റുമായി തീക്ഷ്ണ മറികടന്നത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിനു ഗുണമായത്.
നമീബിയയുടെ ബെർണാഡ് ഷോൾട്സ് മൂന്നാം റാങ്കിലെത്തിയപ്പോൾ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് നാലാമതും പാക് പേസർ ഷഹീൻഷാ അഫ്രീദി അഞ്ചാമതുമെത്തി.