തരൂരിന്റെ വികസനലേഖനം: ലീഗിന് അതൃപ്തി
Monday, February 17, 2025 11:23 PM IST
കോഴിക്കോട്: ഇടതുസര്‍ക്കാരിനെ വികസന കാര്യത്തില്‍ പുകഴ്ത്തിയ ശശിതരൂര്‍ എംപി യുഡിഎഫിലും ഒറ്റപ്പെടുന്നു. യുഡിഎഫിലെ പ്രമുഖ കക്ഷിയും വര്‍ഷങ്ങളായി വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന മുസ്ലിം ലീഗാണ് ലേഖനത്തിനെതിരേ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്.
താൻ വ്യവസായ മന്ത്രിയായിരുന്ന കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. എ.കെ.ആന്റണി സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വ്യവസായ ഭൂപടം മാറിയതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എ.കെ.ആന്റണി മന്ത്രിസഭയിൽ താൻ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും കുഞ്ഞാലിക്കുട്ടി എടുത്തു പറഞ്ഞു. കിൻഫ്രയും ഇന്‍ഫോ പാര്‍ക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണെന്നും അക്കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പ്രതിപക്ഷത്തായപ്പോള്‍ ആ നിലപാടല്ല സ്വീകരിച്ചത്. വികസനത്തിൽ സഹകരിച്ചവരാണ് യുഡിഎഫ്. ഇടതുപക്ഷം യുഡിഎഫ് സര്‍ക്കാരുമായി സഹകരിച്ചില്ല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലാത്തതിന് കാരണം ഇടതുമുന്നണിയാണ്. ആ തൊപ്പി അവര്‍ക്കാണ് ചേരുക.
വ്യവസായ നയങ്ങളിലെ എല്ലാ മാറ്റങ്ങള്‍ക്കും കാരണം യുഡിഎഫാണ്. ഇടതുപക്ഷമാണ് തടസം നിന്നത്. നെഗറ്റീവ് നിലപാടായിരുന്നു അന്ന് ഇടതുപക്ഷം സ്വീകരിച്ചത്. രാഷ്ട്രീയ വിമര്‍ശനം പറയേണ്ട വേദിയിൽ പറയും. രാഷ്ട്രീയ സാഹചര്യം ലീഗ് ഗൗരവത്തോടെയാണ് കാണുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അത് പറയേണ്ട സ്ഥലത്ത് പറയാൻ കെൽപ്പുള്ള പാര്‍ട്ടിയാണ് ലീഗ്. യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ വികസന പദ്ധതികളും ഇടതുപക്ഷം തടഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് യുഡിഎഫുണ്ടാക്കിയ വികസനം ഒമ്പതുവര്‍ഷമായിട്ടും എൽഡിഎഫിന് സാധ്യമായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുസ്ലിം ലീഗിനൊപ്പം മറ്റു കക്ഷികളും തരൂരിന്റെ ലേഖനത്തിനെതിരേ കടുത്ത എതിര്‍പ്പുയര്‍ത്തുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ലേഖനം തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് യുഡിഎഫിനുള്ളത്.