കാട്ടുപന്നിയുടെ ആക്രമണം; ആറു വയസുകാരിക്ക് പരിക്ക്
Monday, February 17, 2025 7:08 PM IST
പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസുകാരിക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 8.30നുണ്ടായ സംഭവത്തിൽ തച്ചമ്പാറ മുതുകുറുശി ഉഴുന്നുപറമ്പ് നരിയമ്പാടത്ത് സന്തോഷിന്റെയും ബിൻസിയുടെയും മകൾ പ്രാർത്ഥനയ്ക്കാണ് പരിക്കേറ്റത്.
മൂത്ത കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം ബിൻസിയും പ്രാർത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ഇവരെ ഇടിച്ചിടുകയായിരുന്നു. ഇടിയേറ്റതിനെ തുടർന്ന് ബിൻസിയുടെ കൈയിലിരുന്ന പ്രാർത്ഥന തെറിച്ച് വീഴുകയായിരുന്നു.
നിലത്തുവീണ കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പ്രാർത്ഥനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്ത് കാട്ടുപന്നി ശല്ല്യം രൂക്ഷമാണെന്നും വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.