കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടിക്കുന്നിടത്ത് ആനകളെ നിര്‍ത്തിയതെന്തിന്: ഹൈക്കോടതി
Monday, February 17, 2025 5:07 PM IST
കൊച്ചി: കൊയിലാണ്ടി കുറുവാങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയതെന്നും ആനകളെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.
കുറുവാങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 25 കിലോ മീറ്റര്‍ വേഗതയിലാണ് വാഹനത്തില്‍ ആനകളെ കൊണ്ടുപോയതെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയെ അറിയിച്ചു. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയാണെന്ന് ഹൈക്കോടതി പറഞ്ഞു.
പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നേടിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും അസ്വഭാവിക മരണത്തിനും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.