കൊലപാതക രാഷ്ട്രീയം പ്ലാൻ ചെയ്ത് അവതരിപ്പിച്ച പ്രസ്ഥാനമാണ് ആർഎസ്എസ്: എം.വി. ഗോവിന്ദൻ
Monday, February 17, 2025 10:43 AM IST
റാന്നി: കൊലപാതക രാഷ്ട്രീയം വ്യക്തമായി പ്ലാൻ ചെയ്ത് അവതരിപ്പിച്ച പ്രസ്ഥാനമാണ് ആർഎസ്എസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പത്തനംതിട്ടയിൽ ബിജെപിയിൽ നിന്നും നൂറുകണക്കിനാളുകൾ സിപിഎമ്മിലെത്തുന്നതിന് തടയിടാൻ ബിജെപി കണ്ടെത്തിയ മാർഗമാണ് കൊലപാതക രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയു പ്രവർത്തകന്റെ കൊലപാതകത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സംഘടനാരംഗത്ത് സജീവമായി നിൽക്കുന്ന പ്രവർത്തകനെയാണ് ബിജെപി- ആർഎസ്എസ് സംഘം മൃഗീയമായി കൊലപ്പെടുത്തിയതെന്നും ഗോവിന്ദൻ പറഞ്ഞു.
ഞായാറാഴ്ച പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് സിഐടിയു പ്രവർത്തകനായ പെരുനാട് മാമ്പാറ സ്വദേശി ജിതിൻ(36) മരിച്ചത്. ജിതിന്റെ ശരീരത്തിൽ ആഴമേറിയ മുറിവുകൾ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തുടയിലും വലതുകൈയിലും വയറിലും വെട്ടേറ്റു.
അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ കൈവിരലുകൾക്കും മുറിവേറ്റു. മർദനത്തിനു തടസം നിൽക്കാൻ വന്ന ജിതിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് എഫ്ഐആർ. കേസിൽ എട്ടുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.