പാലക്കാട് ജില്ലാ വനിതാ-ശിശു ആശുപത്രിയിൽ തീപ്പിടിത്തം; രണ്ട് കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Monday, February 17, 2025 7:38 AM IST
പാലക്കാട്: ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽ ഞായറാഴ്ച രാത്രി തീപ്പിടിത്തം. രാത്രി പതിനൊന്നരയോടെ വാർഡിനു സമീപമാണു തീപ്പിടിത്തമുണ്ടായത്.
ആശുപത്രിയിലേക്ക് ഉയർന്ന ശേഷിയിലുള്ള വൈദ്യുതിയെത്തിക്കുന്ന ഹൈടെൻഷൻ ട്രാൻസ്ഫോർമറിന്റെ ബ്രേക്കറിനു തീ പിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതരും കെഎസ്ഇബി ജീവനക്കാരും പറഞ്ഞു.
വൈദ്യുതിബന്ധം പൂർണമായും തടസപ്പെട്ടു. തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തീ ആളിക്കത്തുന്നതു കണ്ട് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.
കെഎസ്ഇബി സുൽത്താൻപേട്ട സെക്ഷൻ ഓഫീസിൽനിന്നു ജീവനക്കാരെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രേക്കർ പൂർണമായും കത്തിയതിനാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാവാത്ത സ്ഥിതിയാണെന്നു കെഎസ്ഇബി സബ് എൻജിനീയർ കെ. ബാബു പറഞ്ഞു.