സാമൂഹിക വിപത്തിലേക്ക് സഭയുടെ ശ്രദ്ധ കൊണ്ടുവന്നു; പ്രതിപക്ഷത്തെ അഭിനന്ദിച്ച് എക്സൈസ് മന്ത്രി
Tuesday, February 11, 2025 3:57 PM IST
തിരുവനന്തപുരം: ലഹരി വ്യാപനം സംബന്ധിച്ച അടിയന്തരപ്രമേയത്തില്‍ പ്രതിപക്ഷത്തെ അഭിനന്ദിച്ച് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. സാമൂഹിക വിപത്തിലേക്ക് സഭയുടെ ശ്രദ്ധ കൊണ്ടുവന്ന പ്രതിപക്ഷത്തെ അഭിനന്ദിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ലഹരി വ്യാപനം സംബന്ധിച്ച അടിയന്തരപ്രമേയത്തിൽ നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ലഹരിയുടെ വ്യാപനം കേരളത്തിലുണ്ട്. എന്നാല്‍ അത് ഇവിടെ മാത്രമുള്ള പ്രശ്നമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞപോലെ കേരളം ലഹരിയുടെ കേന്ദ്രമല്ലെന്നും മന്ത്രി വിശദീകരിച്ചു.
ലഹരിക്കെതിരേ 9337 ബോധവത്കരണ പരിപാടികള്‍ എക്സൈസ് വകുപ്പ് മാത്രം നടത്തിയിട്ടുണ്ട്. ലഹരി വ്യാപനം സംബന്ധിച്ച് രണ്ട് പഠനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം കേരളത്തിലെ യുവത്വം ലഹരിയുടെ മയക്കത്തിലാണെന്നും സർക്കാർ എന്താണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചോദിച്ചിരുന്നു. കഞ്ചാവിന്റെ കാലം പോയി. സംസ്ഥാനത്ത് രാസലഹരികള്‍ ഒഴുകുകയാണ്. വൃത്തിയുള്ള ഒരു ഇന്റലിജന്‍സ് സംവിധാനം പോലും എക്സൈസിനില്ലെന്നും സതീശൻ വിമർശിച്ചു.