പാതിവില തട്ടിപ്പ്: അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി
Tuesday, February 11, 2025 3:41 PM IST
മൂവാറ്റുപുഴ: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യഹർജി പരിഹണിച്ചത്. അനന്തു പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അനന്തുകൃഷ്ണനെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട് സർക്കാർ കോടതിയെ അറിയിച്ചു.
അനന്തുകൃഷ്ണനെ കൊച്ചിയിലും ഇടുക്കിയിലുമെത്തിച്ച് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുള്ള സോഷ്യോ ഇക്കണോമിക്കല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സൊസൈറ്റിയിലെ 1,222 അംഗങ്ങളില്‍നിന്നായി സ്കൂട്ടര്‍ നല്‍കുന്നതിന് 60,000 രൂപ വീതം 7,33,20,000 രൂപയും 127 പേരില്‍നിന്നു തയ്യല്‍ മെഷീന് ഇനത്തില്‍ 11,31,000 രൂപയും ലാപ്ടോപ് ഇനത്തില്‍ 30,000 രൂപ വീതം 51 പേരില്‍നിന്ന് 15,30,000 രൂപയും ഉള്‍പ്പെടെ മൊത്തം 7,59,81,00 രൂപ അനന്തുവിന്റെ പ്രഫഷണല്‍ സര്‍വീസ് ഇന്നൊവേഷന് എന്ന സ്ഥാപനത്തിന്റെ എറണാകുളം ഇയ്യാട്ടില്‍മുക്ക് എച്ച്ഡിഎഫ്സി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.