കാട്ടാന ആക്രമണം: മൃതദേഹത്തിനരികെ പ്രതിഷേധിച്ച് നാട്ടുകാർ, മാനുവിന്റെ ഭാര്യയെ കാണാനില്ല
Tuesday, February 11, 2025 10:03 AM IST
കൽപറ്റ: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. മൃതദേഹം സ്ഥലത്ത് നിന്നു മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
അതേസമയം, മരിച്ച മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാൾ കണ്ടെടുത്തിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റതായി സംശയമുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചിരുന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് കാട്ടാന ശല്യമുള്ള വനാതിര്‍ത്തി മേഖലയായ നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പിന്നീട് പാടത്ത് മരിച്ച നിലയിൽ മാനുവിനെ കണ്ടെത്തുകയായിരുന്നു. മാനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ നാൽപ്പത്തിയഞ്ചുകാരിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുമ്പാണ് അടുത്ത സംഭവം.