പത്തനംതിട്ടയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു
Sunday, February 9, 2025 4:56 PM IST
പത്തനംതിട്ട: ആറന്മുളയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ആറന്മുള മാലക്കരയിലാണ് സംഭവം. റൈഫിൾ ക്ലബ്ബിന്റെ മതിലാണ് ഇടിഞ്ഞുവീണത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ മണ്ഡൽ, ബിഹാർ സ്വദേശി ഗുഡു കുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. മൂന്ന് തൊഴിലാളികളാണ് അപകടസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നത്.
ഇവരെ ഉടൻ തന്നെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ആരോഗ്യമന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി എന്നിവർ സ്ഥലത്തെത്തി.