ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വീണ്ടും പിടികൂടി ശ്രീലങ്ക, രണ്ട് ബോട്ടുകളും പിടിച്ചെടുത്തു
Sunday, February 9, 2025 12:10 PM IST
ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വീണ്ടും പിടികൂടി ശ്രീലങ്ക. തമിഴ്നാട്ടിൽനിന്നുള്ള 14 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന പിടികൂടിയത്. ശ്രീലങ്കൻ സമുദ്രാതിർത്തി അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.
ശ്രീലങ്കയുടെ വടക്കൻ മന്നാർ തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽനിന്നും രണ്ട് മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ശ്രീലങ്കൻ നാവികസേന തമിഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിൽ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നു.