തോൽവിക്ക് കാരണം ഐക്യമില്ലായ്മ; കോൺഗ്രസ് ആത്മ പരിശോധന നടത്തണം: ഡി. രാജ
Saturday, February 8, 2025 10:05 PM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യാ സഖ്യ പാർട്ടികൾക്കെതിരേ വിമർശനവുമായി സിപഐ ജനറൽ സെക്രട്ടറി ഡി. രാജ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്ന് രാജ വിമർശിച്ചു.
ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മ പരിശോധന നടത്തണമെന്നും രാജ ആവശ്യപ്പെട്ടു. അതിനിടെ ഡൽഹിയിൽ ബിജെപി ഭരണം പിടിച്ച സാഹചര്യത്തിൽ എഎപിക്കും കോൺഗ്രസിനുമെതിരേ രൂക്ഷവിമർശനവുമായി ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും രംഗത്തെത്തി.
‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’ എന്നാണ് ഒമർ എക്സിൽ കുറിച്ചത്. ഇന്ത്യാ മുന്നണിയിലെ തന്നെ പ്രധാന പാർട്ടികളായ കോൺഗ്രസും എഎപിയും രണ്ടായി മത്സരിച്ചത് തിരിച്ചടിയായെന്ന വിലയിരുത്തലിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.