ഓസ്ട്രേലിയൻ ഓപ്പൺ; ഇന്ന് തീ പാറും പോരാട്ടം
Sunday, January 26, 2025 4:09 AM IST
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് തീപാറും പോരാട്ടം. ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാനിക് സിന്നർ ജർമനിയുടെ രണ്ടാം നന്പർ താരം അലക്സാണ്ടർ സ്വരേവുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഫൈനൽ .
സെമിയിൽ യുഎസിന്റെ 21-ാം സീഡ് ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്നർ ഫൈനലിൽ പ്രവേശിച്ചത്. സെർബിയയുടെ നൊവാക് ജോക്കോവിച്ച് പരിക്കിനെ തുടർന്ന് പിന്മാറിയതോടെ സ്വരേവും ഫൈനലിലെത്തി.
2024 ഓസ്ട്രേലിയൻ ഓപ്പണ്‍, യുഎസ് ഓപ്പണ്‍ ജേതാവായ സിന്നറിന്റെ ലക്ഷ്യം തുടർച്ചയായ രണ്ടാം കപ്പാണ്. 2020ൽ യുഎസ് ഓപ്പണിലും 2024ൽ ഫ്രഞ്ച് ഓപ്പണിലും ഫൈനൽ കളിച്ച സ്വരേവ്, കന്നിക്കപ്പുയർത്താനാണിറങ്ങുന്നത്.