യുഎസിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാർ പൗരത്വ രേഖകള്‍ നല്കിയാല് തിരിച്ചെത്തിക്കും: വിദേശകാര്യ മന്ത്രാലയം
Friday, January 24, 2025 7:30 PM IST
വാഷിംഗ്ടൺ: അമേരിക്കയിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
ഇവർ പൗരത്വ രേഖകള്‍ നല്കിയാല് തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും. എത്രയാളുകളെയാണ് ഇത്തരത്തില്‍ തിരിച്ചുകൊണ്ടുവരികയെന്നതില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
അനധികൃതകുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ് എന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണ് വിവാദമായ പ്രഖ്യാപനങ്ങളുണ്ടായത്. അനധികൃത കുടിയേറ്റം തടയുമെന്നും പൗരത്വ ജന്മാവകാശം നിരോധിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ വിവരമനുസരിച്ച് മൊത്തം 538 അറസ്റ്റുകള്‍ ഇതിനകം നടന്നിട്ടുണ്ട്.