ഡൽഹിയെ പത്തുവിക്കറ്റിന് തകർത്ത് സൗരാഷ്ട്ര; രവീന്ദ്ര ജഡേജക്ക് ഏഴുവിക്കറ്റ്
Friday, January 24, 2025 3:32 PM IST
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരേ സൗരാഷ്ട്രയ്ക്ക് 10 വിക്കറ്റിന്റെ തകർപ്പൻ ജയം. രണ്ടാമിന്നിംഗ്സിൽ ഡൽഹിയെ 94 റൺസിനു പുറത്താക്കിയ സൗരാഷ്ട്ര വിജയലക്ഷ്യമായ 15 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ അടിച്ചെടുത്തു. സ്കോര്‍- ഡല്‍ഹി: 188, 94, സൗരാഷ്ട്ര: 271, 11-0.
ഏഴു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ് ഡല്‍ഹിയെ എറിഞ്ഞിട്ടത്. ആദ്യ ഇന്നിംഗ്സിലെ അഞ്ചു വിക്കറ്റുമുൾപ്പെടെ ജഡേജ മത്സരത്തിലാകെ 12 വിക്കറ്റ് വീഴ്ത്തി.
രണ്ടാമിന്നിംഗ്സിൽ ക്യാപ്റ്റൻ ആയുഷ് ബദോനി (44) ആണ് ഡൽഹിയുടെ ടോപ് സ്കോറർ. ഋഷഭ് പന്ത് 17 റൺസുമായി പുറത്തായി. ഇരുവർക്കും പുറമെ അർപിത് റാണയ്ക്കു (12) മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
12.2 ഓവറില്‍ 38 റണ്‍സ് വഴങ്ങിയാണ് ജഡേജ ഏഴ് വിക്കറ്റെടുത്തത്. ധർമേന്ദ്ര സിൻഹ് ജഡേജ രണ്ടുവിക്കറ്റും യുവ്രാജ്സിൻഹ് ദോദിയ ഒരു വിക്കറ്റും വീഴ്ത്തി.
ഒന്നാമിന്നിംഗ്സ് ലീഡിന്റെ പിൻബലത്തിൽ കുഞ്ഞൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 3.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു.
ആറ് കളികളില്‍ സൗരാഷ്ട്രയുടെ രണ്ടാം ജയമാണിത്. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ഡിയിൽ സൗരാഷ്ട്ര മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 14 പോയിന്റുമായി ഡല്‍ഹി നാലാം സ്ഥാനത്താണ്.