കഠിനംകുളം കൊലപാതകം; ആതിരയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് പ്രതി ജോണ്സണ്
Friday, January 24, 2025 12:00 PM IST
തിരുവനന്തപുരം: കഠിനംകുളം വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടിൽ ആതിര കൊലപാതകത്തിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോൺസൺ പോലീസിനോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ വീട്ടിൽ എത്തിയത് ആതിര വിളിച്ചതനുസരിച്ചാണ്. രാവിലെ ആറരയ്ക്കാണ് പ്രതി പെരുമാതുറയിലെ ലോഡ്ജിൽ നിന്നും ഇറങ്ങിയത്. കാൽനടയായി ആതിരയുടെ വീടിനു സമീപം എത്തി. തുടർന്ന് മകനെ സ്കൂളിൽ വിടുന്നത് വരെ കാത്തിരുന്നു. എട്ടരയ്ക്ക് മകനെ സ്കൂളിൽ വിട്ടതിനു ശേഷം വീടിനുള്ളിൽ കയറി.
ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കൈയില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നതിനിടെ ജോണ്സണ് കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ധരിച്ചിരുന്ന ഷര്‍ട്ടില്‍ രക്തം പുരണ്ടതിനെ തുടര്‍ന്ന് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. ആതിരയുടെ സ്കൂട്ടറെടുത്തതിന് ശേഷം ചിറയിന്‍കീഴ് റെയില്‍വെ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയത്.
വ്യാഴാഴ്ച കോട്ടയം ചിങ്ങവനത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി വിഷം കഴിച്ചതിനേ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.