എലപ്പുള്ളിയിൽ ജലചൂഷണമുണ്ടാകില്ല; മദ്യ കമ്പനി വെള്ളമെടുക്കുക മഴവെള്ള സംഭരണിയിൽനിന്ന്: എം.വി. ഗോവിന്ദൻ
Thursday, January 23, 2025 9:16 PM IST
തിരുവനന്തപുരം: എലപ്പുള്ളിയിൽ ജലചൂഷണമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മഴവെള്ള സംഭരണി നിർമിച്ചാണ് മദ്യനിർമാണ കമ്പനി വെള്ളമെടുക്കുക എന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തിൽ സ്പിരിറ്റ് നിർമാണം മാത്രമാണ് നടക്കുക. അവസാനമാണ് മദ്യ നിർമാണത്തിലേക്ക് കടക്കുക. ജനവിരുദ്ധമായ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം പാലക്കാട് കഞ്ചിക്കോട്ടെ ബ്രൂവറി പദ്ധതിയിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നിക്ഷേപകർ ഇനി വന്നാലും സർക്കാർ പ്രോത്സാഹിപ്പിക്കും.
ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നത്. 650 പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് അല്ലാതെയും തൊഴിൽ കിട്ടും. അനുമതി പ്രാഥമികമായി നൽകുന്നത് പൂർണമായും സർക്കാരിന്റെ വിവേചനം ആണ്.
അതിൽ പഞ്ചായത്തിനെ പരിഗണിക്കേണ്ട കാര്യം ഇല്ല. വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകുന്നതും മഹാപാപമല്ല. ഇനിയും ഇത്തരത്തിൽ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നൽകും. വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകാനുള്ള തീരുമാനമെടുത്തത് ഉമ്മൻചാണ്ടി സർക്കാരാണ്.
വ്യവസായങ്ങള്‍ മാലിന്യം തള്ളില്ലെന്ന് സർക്കാർ ഉറപ്പാക്കും. അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവെക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.