കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾക്ക് സിപിഎം സ്വീകരണം നൽകി
Thursday, January 23, 2025 8:00 PM IST
കൊച്ചി: കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യം ലഭിച്ചവർക്ക് സിപിഎം സ്വീകരണം നൽകി. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നിൽ മുദ്രാവാക്യം വിളികളോടെ ചുവപ്പ് മാലയിട്ടാണ് പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്.
സിപിഎം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹൻ, പ്രവർത്തകരായ സജിത്ത് ഏബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് പാർട്ടി പ്രവർത്തകരെത്തിയാണ് ഇവരെ സ്വീകരിച്ചത്.
ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ പ്രവർത്തകർ നടത്തിയതെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു സ്വീകരണം. നഗരസഭയിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടാണ് കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്.
കേസിൽ 45 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.