പോലീസ് വൃത്തികേടിന് കൂട്ടുനിന്നു; ഭരണപക്ഷം അഭിനവ ദുശാസനന്‍മാരായി മാറുന്നെന്ന് സതീശന്
Tuesday, January 21, 2025 11:01 AM IST
തിരുവനന്തപുരം: കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി വസ്ത്രാക്ഷേപം ചെയ്തു. ഇതാണോ കേരളത്തില്‍ അമ്മമാരോടും സഹോദരിമാരോടുമുള്ള നീതിബോധമെന്ന് സതീശന് നിയമസഭയിൽ ചോദിച്ചു.
കലാ രാജുവിന്റെ സങ്കടം മുഖ്യമന്ത്രി അന്വേഷിക്കണം. മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കാന്‍ നിന്നാല്‍ കേരളം മുഴുവന്‍ അത് ആവര്‍ത്തിക്കും. ഈ വിഷയത്തെ ലാഘവത്തോടെ കണ്ട് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുന്നെന്ന് സതീശന് ചോദ്യം ഉന്നയിച്ചു.
പരിഷ്കൃത സമൂഹമായ കേരളത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് നീതീയുടെ സംരക്ഷണം കൊടുക്കേണ്ട പോലീസ് വൃത്തികേടിന് കൂട്ടുനിന്നു. കൗരവസഭയിലെപ്പലെയാണ് ഇത്. ഭരണപക്ഷം അഭിനവ ദുശാസനന്‍മാരായി മാറുന്നെന്നും സതീശന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളമുണ്ടാക്കിയതോടെ അദ്ദേഹം പ്രകോപിതനായി കൈയിലിരുന്ന പേപ്പര്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. ബഹളത്തിന് സ്പീക്കര്‍ കൂട്ടുനില്‍ക്കുന്നെന്ന് സതീശന് ആരോപിച്ചു. എന്നാല്‍ അത്തരം സംസാരമൊന്നും ഇങ്ങോട്ട് വേണ്ടെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ഇതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്.