ഷാരോണ്‍ വധക്കേസ്; കോടതി വിധി ഇന്ന്
Saturday, January 18, 2025 6:22 AM IST
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറയുക.
കേസിൽ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന് നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ.എം. ബഷീർ വിധി പ്രസ്താവിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.
കാമുകനായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനായാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തത്. കാമുകനെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തിയെന്ന കണ്ടെത്തല്‍ കോടതി അംഗീകരിച്ചു. അതേസമയം, വിഷം നല്‍കുന്നതിന് ദൃക്സാക്ഷികളില്ലാതിരുന്നത് വെല്ലുവിളിയായിരുന്നു.
സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കിയ പ്രോസിക്യൂഷന് നീക്കം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതടച്ചു. ഡിജിറ്റൽ, മെഡിക്കൽ, ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ സാഹചര്യങ്ങള്‍ പ്രതികൾക്കെതിരെയുള്ള കുറ്റം പൂർണമായും തെളിയുന്നതാണെന്നതായിരുന്നു പ്രോസിക്യൂഷന് വാദം.
കേസിനാസ്പദമായ കഷായം സംഭവം 2022 ഒക്ടോബര്‍ 14 നായിരുന്നു. അമ്മ സിന്ധു കുടിക്കുന്ന കഷായത്തിൽ കാപിക്ക് എന്ന മാരക വിഷം കലർത്തിയ ശേഷം ഗ്രീഷ്മ കുടിപ്പിച്ചുവെന്നാണ് കേസ്.
വിഷം കലർത്തിയ കഷായം കുടിച്ച ഷാരോൺ രാജ് പതിനൊന്നു ദിവസം കഴിഞ്ഞ് മെഡിക്കൽ കോളജിൽവച്ച് മരിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്ന ശില്പ രൂപീകരിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്.