കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു; വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് നാട്ടുകാർ
Saturday, January 18, 2025 2:10 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിലെ വയോധികനെ കടുവ കൊന്നു. 70കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് പ്രകോപിതരായ ഗ്രാമവാസികൾ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചു.
ബവ്ലി തോല വനമേഖലയിൽ നിന്ന് കന്നുകാലികളെ മേയ്ച്ച് മടങ്ങുകയായിരുന്ന തുളസിറാം ഭലവി ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് രോഷാകുലരായ ഗ്രാമീണർ റേഞ്ചർ ഘനശ്യാം ചതുർവേദിയെയും ഡെപ്യൂട്ടി റേഞ്ചർ സഞ്ജയ് കുന്തപ്പള്ളിയെയും മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരുടെ വാഹനങ്ങളും തകർത്തു.
കലാപമുണ്ടാക്കിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സർക്കാർ സ്വത്തുക്കൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടാക്കിയതിനും ഗ്രാമവാസികൾക്കെതിരെ പോലീസ് കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകിയിട്ടുണ്ടെന്നും ഗ്രാമവാസികളുടെ ആക്രമണത്തിൽ പരിക്കേറ്റ വനംവകുപ്പ് ഉദ്യോഗസ്ഥർ ചികിത്സയിലാണെന്നും അധികൃതർ വ്യക്തമാക്കി.
വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും വാഹനങ്ങൾ തകർത്തതിനും 11 പേർക്കെതിരെയും ചില അജ്ഞാതർക്കുമെതിരെയും കേസെടുത്തിട്ടുണ്ടെന്ന് സിയോനി ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) സുനിൽ കുമാർ മേത്ത പറഞ്ഞു.