മുൾട്ടാൻ ടെസ്റ്റ്: വെസ്റ്റ് ഇൻഡീസിനെതിരെ പാക്കിസ്ഥാന് ബാറ്റിംഗ് തകർച്ച
Friday, January 17, 2025 9:29 PM IST
മുൾട്ടാൻ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് ബാറ്റിംഗ് തകർച്ച. ആദ്യ ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 143 എന്ന നിലയിലാണ് പാക്കിസ്ഥാൻ. മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലുമാണ് ക്രീസിലുള്ളത്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് ആറാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്കാർ 16ൽ നിൽക്കെ മുഹമ്മദ് ഹുരെയ്രയാണ് പുറത്തായത്. ആറ് റൺസെടുത്ത താരത്തിനെ ഗുഡാകേഷ് മോട്ടിയാണ് പുറത്താക്കിയത്.
പിന്നാലെ നായകൻ ഷാൻ മസൂദും പുറത്തായി. ടീം സ്കാർ 20ൽ നിൽക്കെയാണ് മസൂദ് പുറത്തായത്. 11 റൺസാണ് പാക് നായകൻ എടുത്തത്. ജെയ്ഡൻ സീൽസ് ആണ് മസൂദിനെ പവലിയനിലേക്ക് മടക്കിയത്.
പത്താം ഓവറിൽ അഞ്ച് റൺസെടുത്ത കമ്രാൻ ഗുലാമും മടങ്ങി. സീൽസ് തന്നെയാണ് ഗുലാമിന്റെ വിക്കറ്റും എടുത്തത്. ബാബർ അസം ടീം സ്കോറിൽ 46ൽ നിൽക്കെ പുറത്തായി. സീൽസ് തന്നെയാണ് ബാബർ അസമിനെയും മടക്കിയത്.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുച്ചേർന്ന മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും വൻ തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് 97 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. മുഹമ്മദ് റിസ്വാൻ 51 റൺസും സൗദ് ഷക്കീൽ 56 റൺസും എടുത്തിട്ടുണ്ട്.