രണ്ടര വയസുകാരിയെ കമ്പി കൊണ്ട് അടിച്ച സംഭവം; അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ
Monday, January 13, 2025 3:31 PM IST
തിരുവനന്തപുരം: രണ്ടര വയസുകാരിയെ കമ്പി കൊണ്ടടിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ. താങ്ങിമൂട് സ്വദേശി ബിന്ദുവിനെയാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
വെമ്പായം നരിക്കലിലുള്ള അങ്കണവാടിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പിയൂരി കുഞ്ഞിന്റെ കൈയിൽ അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.
വൈകുന്നേരം കുഞ്ഞിനെ കുളിപ്പിക്കുന്ന സമയത്തായിരുന്നു അച്ഛൻ മുറിവ് കണ്ടത്. ഇതോടെ കുഞ്ഞിന്റെ കുടുംബം ചൈൽഡ് ലൈനിനും വട്ടപ്പാറ പോലീസിനും പരാതി നൽകിയിരുന്നു.